കൂമനും കുറുക്കനും
കുസൃതിക്കുഞ്ഞുങ്ങളും
കൂര്‍ക്കം വലിച്ചുറങ്ങുമീ
കൊടും തണുപ്പത്ത്
കണവനെ കുത്തിപ്പൊക്കി
കഷണ്ടിയില്‍
കറുപ്പു തേച്ച്
കസറത്തിനയയ്ക്കുന്നവള്‍- മമ-
കാന്ത;
കാരുണ്യ രഹിത...
നീല നിറമുള്ള
നരച്ച ബനിയനും
നീളം വളരെക്കുറഞ്ഞൊരു
നാറുന്ന നിക്കറും
നല്‍കി;
നനുത്ത മഞ്ഞുവീഴുമീ
നനഞ്ഞ പ്രഭാതത്തില്‍
നടുറോഡില്‍ക്കൂടി
നടന്നു നീങ്ങുവാന്‍
നാടു മുഴുവന്‍
നടുങ്ങുന്ന
നാദത്തിലാജ്ഞാപിക്കുമവള്‍
നേര്‍ത്തൊരു ഭീഷണിയോടെ...
പണ്ടൊരു പുലര്‍കാലെ
പാതിമയക്കത്തിലെന്‍- 'നല്ല'-
പാതിയെ
പ്രാകിക്കൊണ്ട്
പതുക്കെപ്പതുക്കെ ഞാന്‍
പാഞ്ഞു തുടങ്ങവെ...
ഉറക്കച്ചടവോടെ തെല്ലൊരു
ഉന്മാദത്തോടെ
ഉഷസ്സില്‍
ഉലാത്തുന്ന
'ഉടക്ക്'പെണ്ണുങ്ങളെ
ഒതുക്കത്തില്‍ നോക്കി ഞാന്‍
ഉമിനീരിറക്കവേ...
ഇടം വലം നോക്കതെ
ഇടിമിന്നല്‍ പോലെ വന്ന
ഇടിവെട്ട്
'ഇന്നോവ'യെന്നെതിരെ നടന്നൊരു
ഇരുണ്ട ചെറുക്കനെ
ഇടിച്ചു തെറിപ്പിച്ചൂ...!!!
നിയതിയുടെ
നീറ്റുമാ
നാടകം നോക്കിക്കൊണ്ട്
നിമിഷ നേരം ഞാന്‍
നിന്നുപോയ്
നിശ്ചലം...!!!
വിധി വൈപരീത്യത്താല്‍
വഴിയില്‍ക്കിടക്കുമാ
വത്സലകുമാരനെ
വാരിയെടുക്കാനാഞ്ഞാ-
വശത്തേക്കു നീങ്ങി ഞാന്‍
വിങ്ങുന്ന മനമോടെ..
പെട്ടെന്നൊരു
പത്തുവാട്ട്
പൊട്ടിച്ചിരിയോടെ
പകിട്ടാര്‍ന്നൊരു
പെട്ടിയെനിക്കായ് നീട്ടിയാ-
പ്പയ്യന്റെ 'പ്രേതം'
പറഞ്ഞൂ പരമാര്‍ത്ഥം...
"ഇതു പരിപാടി;സ്പോണ്‍സേഡ് പരിപാടി
ഇതിലെ
ഇന്നത്തെ നാളത്തെ
ഇനിയത്തെ
'ഇര' നിങ്ങള്‍.."
പാത്രക്കടക്കാരന്‍
പത്രോസുവകയൊരു
പൊട്ടാത്ത പിഞ്ഞാണും
പത്തുപവന്‍ മതിക്കുന്ന
'പൂശിയ' നെക്ലസും
'പപ്പടം കാച്ചി'യും
'പുട്ടുകുറ്റി'യുമാ-
പ്പയ്യന്റെ കയ്യീന്നൊരു
പഞ്ചാരച്ചിരിയോടെ
പതിച്ചു വാങ്ങി ഞാനാ
പഴയ ക്യാമറ മുന്നില്‍...
[കറുപ്പും വെളുപ്പുമായ്
കാണാന്‍ കൊള്ളാവുന്ന
കിടാങ്ങള്‍
കിണഞ്ഞു ശ്രമിച്ചിട്ടും
കരഞ്ഞു കാലുപിടിച്ചിട്ടും
കഴിയാത്ത കനവ്-ആ
കരച്ചില്‍പ്പെട്ടിയിലൊന്നു
കയറിപ്പറ്റുകയെന്ന
കഠിനമായ കാര്യം-
കാശിനു കൊള്ളാത്തൊരു
കിഴവന്‍ കാര്‍ന്നോരൊരു
കാശും മുടക്കാതെ സാധിക്കുന്നതു കണ്ട്
കോരിത്തരിച്ചു നിന്നുപോയ്
കാണികള്‍..]
ഒടുവില്‍;
മമ മച്ചുനനിനിയാ
മഞ്ഞത്ത്
മാരുതീ വാന്‍ കേറി
മരവിച്ചുകിടന്നാലും
മുഖം തിരിച്ചുനോക്കില്ലെന്ന്
മനതാരിലുറപ്പിച്ച്
മുഖത്തൊരു
മഞ്ഞച്ചിരിയോടെ
മൂന്നു മൈക്രോസെക്കന്റില്‍ ഞാന്‍
മാനാഞ്ചിറ താണ്ടിയത്
മനസ്സിലെ ചമ്മല്‍ കൊണ്ടല്ല;
മറിച്ച്
മമ മാനസേസ്വരിയെ
മനസ്സാനിനച്ചതിനാലെന്ന്
മാളൊരേ നിങ്ങള്‍
മറന്നിടൊല്ലെ...
3 comments:
ചാനലുകാരുടെ ഈ വിലകുറഞ്ഞ പരിപാടികള്‍ കാരണം സംഭവിക്കാന്‍ പോകുന്നതിതാണ്- വഴിവക്കില്‍ ഒരാള്‍ മരിച്ചുകിടന്നാലും ആരും തിരിഞ്ഞുനോക്കില്ല.കാരണം ശവമായി കിടന്നവന്‍ എഴുന്നേറ്റുപറഞ്ഞാലോ “അയ്യോ പറ്റിച്ചേ, ഞങ്ങള്‍ ചാനലുകാര്‍ ആണ്, ചേട്ടന്‍ ആ ക്യാമറയിലേക്ക് ഒന്നു നോക്കിക്കേ” എന്ന്.
മലയാളിയുടെ മനസിലുള്ള ബാക്കി നന്മകൂടികളയാനാണ് “ഡെയ്ഞ്ചറസ് ബോയ്സ്” പോലെയുള്ള പരിപാടികളുടെ ലക്ഷ്യം എന്നു തോന്നുന്നു. അമര്‍ഷവും വെറുപ്പും തോന്നാറുണ്ട് ഈ പരിപാടി അവതരിപ്പിക്കുന്നവരോട്.
ആക്ഷേപഹാസ്യം നന്നായി.
കവിത നന്നായി പാവാടക്കാരി.
കവിതയുടെ അലൈന്മെന്റ് സെന്ററില്‍ നിന്നും ലെഫ്റ്റ് ആക്കിയാല്‍ വായിക്കാനും, കാണാനും കൂടുതല്‍ സുഖം കിട്ടില്ലേ?
അല്പം വൈകിയാണെങ്കിലും ബൂലോകത്തിലേക്ക് സ്വാഗതം
ശാലുവേച്ചീ,:-)ചിന്തകള്‍ പങ്കുവച്ചതിന് നന്ദി..
കുറുജീ,:-)അലൈന്മെന്‍റ്റ് മാറ്റി.
നിര്‍ദ്ദേശത്തിന് താങ്ക്സ്.
ഇനിയും വരണേ രണ്ടാളും..
Post a Comment