പത്തുമാസം കേസുപറഞ്ഞ് എനിക്കും ഒരു തുണ്ട് പുരയിടം സ്വന്തമായി..
അതിന്റെ ആദ്യപകുതി ഒരു തരം എലുമ്പന്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന കളിമണ്‍പ്രദേശം.ശേഷിച്ച ഭാഗത്ത് ആകെ മൊത്തം ടോട്ടല്‍ രണ്ടു കുളങ്ങള്‍,നാലു ടണലുകള്‍ ,പോരാത്തതിന് ഒരു അഗാധ ഗര്‍ത്തവും...
ആദ്യമാദ്യം ഞാനതത്ര കാര്യമാക്കിയില്ല.പിന്നീടെപ്പഴോ ഒരു അഭ്യുദയകാംക്ഷി പറഞ്ഞുതന്നു അതിന്റെ വിപണനസാധ്യതകളെപ്പറ്റി..
അങ്ങനെയിരിക്കെയാണ് എന്റെ ആകെയുള്ള സമ്പാദ്യം-ഒന്നൊന്നരയേക്കര്‍ വരുന്ന ആ യൂസ്‌ലെസ് പുരയിടം -ചെത്തിമിനുക്കി വെടിപ്പാക്കാന്‍ അവള്‍ മുന്നോട്ടു വന്നത്..
ഒരു മനോഹരപ്രഭാതത്തില്‍ അവള്‍ 'കെള 'തുടങ്ങി...
വരണ്ടുണങ്ങാറായ കുറ്റിച്ചെടികള്‍ വെട്ടി ഷേപ്പുചെയ്തു...
അവിടവിടെ താമസമുറപ്പിച്ചിരുന്ന ക്ഷുദ്രജീവികളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ നിര്‍ലോഭം സ്പ്രേ ചെയ്തു...
രാസവളപ്രയോഗവും മോശമില്ലാതെ നടന്നു..
പക്ഷേ;"ഇവിടെയെന്തൊരു ചെളിയാ"ന്ന് ഇടയ്ക്കെപ്പഴോ അവള്‍ പിറുപിറുത്തത് എനിക്കത്ര രസിച്ചില്ലാട്ടോ...
പ്രസ്തുത ഭൂമിയുടെ മധ്യഭാഗത്തുകൂടിയുള്ള കാടുകയറിയ വഴി അവള്‍ വെട്ട്ടിത്തളിച്ച് വീതിയുള്ളതാക്കി..
തെങ്ങിന്തടിപ്പാലത്തിനിരുവശവുമുള്ള ആഴം കുറഞ്ഞ ചെളിക്കുണ്ടുകള്‍ക്കു ചുറ്റും അതിമനോഹരമായ കറുത്ത വേലികെട്ടി...
കുളങ്ങള്‍ക്കുതാഴെ പി.ഡബ്ല്യുഡി റോഡു തോല്‍ക്കുന്ന ഗട്ടറുകളും ഗര്‍ത്തങ്ങളും നിറഞ്ഞ വെളിമ്പ്രദേശം അതിസാഹസികമായി വൃത്തിയാക്കി അവള്‍ വെള്ള മണല്‍ വിരിച്ചു...
അതിരിലുള്ള വലിയ കിടങ്ങി(അതിലേയ്ക്ക് രണ്ടു ഹിമാലയപര്‍വതങ്ങള്‍ ഒന്നിച്ച് കുത്തനെയിറക്കമെന്നത് എന്റ് അനുഭവം..)നു ചുറ്റും ചുവന്ന പരവതാനി വിരിച്ചു...
എല്ലാം കണ്ടുകൊണ്ടിരുന്ന ഞാന്‍ അറിയാതെ പറഞ്ഞു പോയി;
"മാര്‍വലസ്!!!"
ആ മിടുമിടുക്കിയുടെ മധുരമുള്ള മറുനാദം ;
"അതാണ് '------' ബ്യൂട്ടിപാര്‍ലറിന്റെ മേന്മ...!!!"
Tuesday, January 30, 2007
Wednesday, January 24, 2007
പ്രഭാതസവാരി
കൂമനും കുറുക്കനും
കുസൃതിക്കുഞ്ഞുങ്ങളും
കൂര്‍ക്കം വലിച്ചുറങ്ങുമീ
കൊടും തണുപ്പത്ത്
കണവനെ കുത്തിപ്പൊക്കി
കഷണ്ടിയില്‍
കറുപ്പു തേച്ച്
കസറത്തിനയയ്ക്കുന്നവള്‍- മമ-
കാന്ത;
കാരുണ്യ രഹിത...
നീല നിറമുള്ള
നരച്ച ബനിയനും
നീളം വളരെക്കുറഞ്ഞൊരു
നാറുന്ന നിക്കറും
നല്‍കി;
നനുത്ത മഞ്ഞുവീഴുമീ
നനഞ്ഞ പ്രഭാതത്തില്‍
നടുറോഡില്‍ക്കൂടി
നടന്നു നീങ്ങുവാന്‍
നാടു മുഴുവന്‍
നടുങ്ങുന്ന
നാദത്തിലാജ്ഞാപിക്കുമവള്‍
നേര്‍ത്തൊരു ഭീഷണിയോടെ...
പണ്ടൊരു പുലര്‍കാലെ
പാതിമയക്കത്തിലെന്‍- 'നല്ല'-
പാതിയെ
പ്രാകിക്കൊണ്ട്
പതുക്കെപ്പതുക്കെ ഞാന്‍
പാഞ്ഞു തുടങ്ങവെ...
ഉറക്കച്ചടവോടെ തെല്ലൊരു
ഉന്മാദത്തോടെ
ഉഷസ്സില്‍
ഉലാത്തുന്ന
'ഉടക്ക്'പെണ്ണുങ്ങളെ
ഒതുക്കത്തില്‍ നോക്കി ഞാന്‍
ഉമിനീരിറക്കവേ...
ഇടം വലം നോക്കതെ
ഇടിമിന്നല്‍ പോലെ വന്ന
ഇടിവെട്ട്
'ഇന്നോവ'യെന്നെതിരെ നടന്നൊരു
ഇരുണ്ട ചെറുക്കനെ
ഇടിച്ചു തെറിപ്പിച്ചൂ...!!!
നിയതിയുടെ
നീറ്റുമാ
നാടകം നോക്കിക്കൊണ്ട്
നിമിഷ നേരം ഞാന്‍
നിന്നുപോയ്
നിശ്ചലം...!!!
വിധി വൈപരീത്യത്താല്‍
വഴിയില്‍ക്കിടക്കുമാ
വത്സലകുമാരനെ
വാരിയെടുക്കാനാഞ്ഞാ-
വശത്തേക്കു നീങ്ങി ഞാന്‍
വിങ്ങുന്ന മനമോടെ..
പെട്ടെന്നൊരു
പത്തുവാട്ട്
പൊട്ടിച്ചിരിയോടെ
പകിട്ടാര്‍ന്നൊരു
പെട്ടിയെനിക്കായ് നീട്ടിയാ-
പ്പയ്യന്റെ 'പ്രേതം'
പറഞ്ഞൂ പരമാര്‍ത്ഥം...
"ഇതു പരിപാടി;സ്പോണ്‍സേഡ് പരിപാടി
ഇതിലെ
ഇന്നത്തെ നാളത്തെ
ഇനിയത്തെ
'ഇര' നിങ്ങള്‍.."
പാത്രക്കടക്കാരന്‍
പത്രോസുവകയൊരു
പൊട്ടാത്ത പിഞ്ഞാണും
പത്തുപവന്‍ മതിക്കുന്ന
'പൂശിയ' നെക്ലസും
'പപ്പടം കാച്ചി'യും
'പുട്ടുകുറ്റി'യുമാ-
പ്പയ്യന്റെ കയ്യീന്നൊരു
പഞ്ചാരച്ചിരിയോടെ
പതിച്ചു വാങ്ങി ഞാനാ
പഴയ ക്യാമറ മുന്നില്‍...
[കറുപ്പും വെളുപ്പുമായ്
കാണാന്‍ കൊള്ളാവുന്ന
കിടാങ്ങള്‍
കിണഞ്ഞു ശ്രമിച്ചിട്ടും
കരഞ്ഞു കാലുപിടിച്ചിട്ടും
കഴിയാത്ത കനവ്-ആ
കരച്ചില്‍പ്പെട്ടിയിലൊന്നു
കയറിപ്പറ്റുകയെന്ന
കഠിനമായ കാര്യം-
കാശിനു കൊള്ളാത്തൊരു
കിഴവന്‍ കാര്‍ന്നോരൊരു
കാശും മുടക്കാതെ സാധിക്കുന്നതു കണ്ട്
കോരിത്തരിച്ചു നിന്നുപോയ്
കാണികള്‍..]
ഒടുവില്‍;
മമ മച്ചുനനിനിയാ
മഞ്ഞത്ത്
മാരുതീ വാന്‍ കേറി
മരവിച്ചുകിടന്നാലും
മുഖം തിരിച്ചുനോക്കില്ലെന്ന്
മനതാരിലുറപ്പിച്ച്
മുഖത്തൊരു
മഞ്ഞച്ചിരിയോടെ
മൂന്നു മൈക്രോസെക്കന്റില്‍ ഞാന്‍
മാനാഞ്ചിറ താണ്ടിയത്
മനസ്സിലെ ചമ്മല്‍ കൊണ്ടല്ല;
മറിച്ച്
മമ മാനസേസ്വരിയെ
മനസ്സാനിനച്ചതിനാലെന്ന്
മാളൊരേ നിങ്ങള്‍
മറന്നിടൊല്ലെ...
Tuesday, January 16, 2007
സമരം
വിരഹത്തിന്റെ മണമുള്ള ചുവന്ന സന്ധ്യയില്‍ അവര്‍ കണ്ടുമുട്ടി. ..
മുത്തശ്ശി തന്റെ കാലു തടവുകയായിരുന്നു. ..
അവള്‍ തന്റെ ശരീരം അള്ളിമാന്തിക്കോണ്ടിരുന്നു. ..
അവനൊരു വിപ്ലവഗാനം മൂളിക്കൊണ്ട്
തന്റെ പോക്കറ്റിലെ അവസാന നാണയം വലിച്ചെറിഞ്ഞു. ..
അതു കൈക്കലാക്കി ഒരു സാദാകര്‍ഷകന്‍ 'ഗുനി'ഞ്ഞിരുന്നു. ..
സ്വാമി പ്രഭാഷണത്തിന് കോപ്പുകൂട്ടി. ..
ഒടുവിലെത്തിയ ജൂബാക്കാരന്‍ അവളെക്കണ്ട് ഒരു മൂലയിലൊതുങ്ങി...
"എള്ളെണ്ണ ചൊറിക്കു നല്ലതാ പെണ്ണേ"ന്ന് മുത്തശ്ശി.
"ഇതിനു മരുന്ന് ഇംഗ്ലീഷില്‍പ്പോലുമില്ല തള്ളേ"ന്നവളും.
"മന്ത്രിയോ തന്ത്രിയോ?"എന്നവനു പരിഹാസം;
ഫ്യുരിഡാനിലും നല്ലതെന്ന് കര്‍ഷകന്റെ നിശ്വാസം.
ഗേറ്റ് തുറന്നു.
ഒരു പോലീസുകാരന്‍....
ജൂബാക്കാരന്‍ സല്യൂട്ടും വാങ്ങി അകത്തേക്ക്..
അവളൊരു തലോടലില്‍ കാര്യം സാധിച്ചു.
കര്‍ഷകന് ആ നാണയം പ്രയോജനപ്പെട്ടു;
സ്വാമിജി ശൂന്യതയില്‍ നിന്നെന്തോ നല്‍കിയത്രെ..
അങ്ങനെ;
മുത്തശ്ശിയെ തുണയ്ക്കിരുത്തി അവന്‍ കൊടിപിടിച്ചു;
"സ്വര്‍ഗ്ഗകവാടത്തിന്റെ കാവല്‍ക്കാരന്‍ നീതിപാലിക്കുക!"
മുത്തശ്ശി തന്റെ കാലു തടവുകയായിരുന്നു. ..
അവള്‍ തന്റെ ശരീരം അള്ളിമാന്തിക്കോണ്ടിരുന്നു. ..
അവനൊരു വിപ്ലവഗാനം മൂളിക്കൊണ്ട്
തന്റെ പോക്കറ്റിലെ അവസാന നാണയം വലിച്ചെറിഞ്ഞു. ..
അതു കൈക്കലാക്കി ഒരു സാദാകര്‍ഷകന്‍ 'ഗുനി'ഞ്ഞിരുന്നു. ..
സ്വാമി പ്രഭാഷണത്തിന് കോപ്പുകൂട്ടി. ..
ഒടുവിലെത്തിയ ജൂബാക്കാരന്‍ അവളെക്കണ്ട് ഒരു മൂലയിലൊതുങ്ങി...
"എള്ളെണ്ണ ചൊറിക്കു നല്ലതാ പെണ്ണേ"ന്ന് മുത്തശ്ശി.
"ഇതിനു മരുന്ന് ഇംഗ്ലീഷില്‍പ്പോലുമില്ല തള്ളേ"ന്നവളും.
"മന്ത്രിയോ തന്ത്രിയോ?"എന്നവനു പരിഹാസം;
ഫ്യുരിഡാനിലും നല്ലതെന്ന് കര്‍ഷകന്റെ നിശ്വാസം.
ഗേറ്റ് തുറന്നു.
ഒരു പോലീസുകാരന്‍....
ജൂബാക്കാരന്‍ സല്യൂട്ടും വാങ്ങി അകത്തേക്ക്..
അവളൊരു തലോടലില്‍ കാര്യം സാധിച്ചു.
കര്‍ഷകന് ആ നാണയം പ്രയോജനപ്പെട്ടു;
സ്വാമിജി ശൂന്യതയില്‍ നിന്നെന്തോ നല്‍കിയത്രെ..
അങ്ങനെ;
മുത്തശ്ശിയെ തുണയ്ക്കിരുത്തി അവന്‍ കൊടിപിടിച്ചു;
"സ്വര്‍ഗ്ഗകവാടത്തിന്റെ കാവല്‍ക്കാരന്‍ നീതിപാലിക്കുക!"
Monday, January 15, 2007
Subscribe to:
Posts (Atom)