Thursday, March 29, 2007

പൂത്തിരി

"ഈ മാമനെന്തിനാമ്മേ വന്നേ?"

"മോളൂന്റെ പുത്തന്‍ വീടിന്‌ പുത്തന്‍ ഗേറ്റു പിടിപ്പിക്കാന്‍ വന്നതാ ഈ മാമന്‍.."

അയാളവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

കൊച്ചു ഗൗരി അയാള്‍ക്കു പുറകേ പണിതീരാത്ത വീടിന്റെ കാര്‍പോര്‍ച്ചിലേക്കു നടന്നു.അരഭിത്തിയില്‍ കറുത്ത ഭാണ്ഡക്കെട്ടിറക്കി വച്ച്‌ അയാള്‍ സാവധാനം പണിയായുധങ്ങളെടുത്തു.ഇരുമ്പു ദണ്ഡും തകിടും കുഴലുമെല്ലാം ഇന്നലയേ വന്നിരുന്നു.നെടുനീളന്‍ ടേപ്പുമായി അയാള്‍ തലങ്ങു വിലങ്ങും നടന്ന്
അളവെറ്റടുക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കിനിന്നു.

പണി തുടങ്ങിയപ്പോള്‍ ഗൌരി തൊട്ടടുത്തൊരു കല്ലില്‍ സ്ഥാനം പിടിച്ചു.

മരപ്പിടിയും അറ്റത്തൊരു ചക്രവുമുള്ള ഒരുപകരണം കറണ്ടില്‍ കുത്തിയിട്ട്‌ ഇരുമ്പില്‍ തൊടുമ്പോള്‍ പൂത്തിരി കത്തുന്നത്‌ അവള്‍ക്കേറെ രസിച്ചു.

'പൂത്തിരി കത്തുമ്പോള്‍ ഈ കമ്പി മുറിയണതെങ്ങന്യാ?'

"മാറിയിരുന്നോളൂ മോളൂ... അല്ലെങ്കി കണ്ണു കുത്തിപ്പഴുക്കും.."

അയാളവളെയെടുത്ത്‌ കുറച്ചകലെ തിണ്ടിലിരുത്തി.ഒരു പുഞ്ചിരിയും സമ്മാനിച്ചു.
അതവളെ വല്ലാണ്ടാകര്‍ഷിച്ചു.
അപ്പൂപ്പന്റെ പൊട്ടിച്ചിരിയല്ല;അമ്മയുടെ കുസൃതിച്ചിരിയുമല്ല..വേറെന്തോ..ഒട്ടും പിശുക്കില്ലാതെ..

അവരിരുവരും പെട്ടെന്ന് കൂട്ടുകാരായി..അവരുടെ വിശേഷങ്ങള്‍ക്ക്‌ അത്ര നല്ലൊരു കേള്‍വിക്കാരനെ ഇന്നേവരെ കിട്ടിയിരുന്നില്ല..

പൂത്തിരികള്‍ വീണ്ടും വീണ്ടും അവളെ പൊട്ടിച്ചിരിപ്പിച്ചു.

"കഴിഞ്ഞ ദീപാവലിക്ക്‌ അച്ചന്‍ എന്തോരം പടക്കങ്ങളാ വാങ്ങിത്തന്നേന്നറിയ്‌വോ?ലീനേന്റേം സ്വാതീടേം വീട്ടിലതിനീക്കാട്ടീ ഞങ്ങളാ വാങ്ങിയേ.."

"മാമന്‍ കേക്കുന്നൊണ്ടോ?"

"ഉം"

"പിന്നെന്താ ചിരിക്കാത്തെ?"

പുഞ്ചിരിപ്പാല്‌ അവള്‍ക്ക്‌ പുതിയൊരുന്മേഷം നല്‍കി.

"സ്വാതീടെ വീട്ടിലേക്കാട്ടീ പൊക്കത്തിലാ ഞങ്ങടെ റോക്കറ്റ്‌ പൊങ്ങിയത്‌..പടക്കം പൊട്ടിച്ചപ്പോ മോള്‌ പേടിച്ചില്ലാട്ടോ..."

പിന്നെയും ചിരി..

"പച്ച,മഞ്ഞ,നീല..എന്തോരം നെറങ്ങളാര്‍ന്നു?"

"ആ..ചൊമന്നപൂത്തിരീമൊണ്ടാര്‍ന്നു..ദാ,ഇതുപോലെ.."

പെട്ടെന്ന് നിറം മാറി കറ്റും ചുവപ്പായ തീപ്പൊരികള്‍ നോക്കി അവള്‍ കൈകൊട്ടിച്ചിരിച്ചു..

"മാമനെന്താ ചിരിക്കാത്തെ?"

അറിയാതെ കൈയൊന്നു തെന്നിയപ്പോള്‍ അടര്‍ന്നകലെ വീണതെന്തോതേടി,പെരുവിരലും കൈപ്പാത്തിയുമായിച്ചേരുന്നിടത്തെ നീറ്റലിനും മരവിപ്പിനും ഒടുവിലത്തെ ഭീകരമായ ശൂന്യതയ്ക്കും ഇടയിലുള്ള അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ ചുണ്ടുകളനക്കി ചിരിക്കാന്‍ ശ്രമിച്ചു..

8 comments:

പാവാടക്കാരി said...

‘പൂത്തിരി‘-പുതിയ പോസ്റ്റ്..

സു | Su said...

പൂത്തിരി ഒരു പടക്കമായി.

ഏറനാടന്‍ said...

ചെമന്ന പൂത്തിരി ഭീകരമാമൊരു വശ്യതപ്രഭയാല്‍ നന്നായി വര്‍ണം വാരിവിതറി. ഇതാ പറഞ്ഞെ, ഈ കുട്ട്യോള്‌ വലിയവര്‌ പണിചെയ്യുന്നിടത്ത്‌ ചെന്ന്‌ കത്തിവെച്ചാലുള്ള കൊഴപ്പം..

sandoz said...

ഇതൊരു ഗുണപാഠ കഥയാണല്ലോ.........

വെല്‍ഡിംഗ്‌ നടക്കുന്ന സ്ഥലത്ത്‌ കൊച്ചുകുട്ടികള്‍ പോകരുത്‌......

അതോ.....

മൂന്ന് വയസ്സിനു താഴെയുള്ള കുട്ടികള്‍ വെല്‍ഡിങ്ങും കട്ടിങ്ങും ചെയ്യുമ്പോള്‍ ഗ്ലൗസ്‌ ഉപയോഗിക്കണം......

ഇതാണോ......

സുല്‍ |Sul said...

ഇഷ്ടായി ഇക്കഥ.

-സുല്‍

G.MANU said...

:)

ആവനാഴി said...

വളരെ വളരെ നന്നായി എഴുതിയിരിക്കുന്നല്ലോ പാവാടക്കാരീ. ഇനിയുമെഴുതൂട്ടോ നല്ല നല്ല കഥകള്‍.

സസ്നേഹം
ആവനാഴി

Anonymous said...

<:o>