Tuesday, March 27, 2007

മൂന്നു കുഞ്ഞുങ്ങള്‍.

ഇന്നലെ,
അവളവരെയാ കുറ്റിക്കാട്ടില്‍ കണ്ടു...
ഇത്ര വീര്‍ത്ത വയറോടെ അവരെ കണ്ടതായോര്‍ക്കുന്നില്ല...
മൂന്നു പേരും വല്ലാതെ തടിച്ച്‌,ഇളം റോസ്‌ നിറത്തില്‍...

എല്ലാവരും മൂക്കു പൊത്തി....
അവള്‍ക്കു നാറിയതേയില്ല....
അവളോര്‍ക്കുകയായിരുന്നു,
ഒരാഴ്ചമുന്‍പ്‌ അവരെ കണ്ടത്‌...

******

വിധി അവരെയൊരു ചാക്കില്‍ കെട്ടി മതിലിനിപ്പുറത്തേക്കിട്ടു...
അവളവര്‍ക്കിത്തിരി പഴഞ്ചോറു കൊടുത്തു....
അവരില്‍,ഇളം തവിട്ടു നിറക്കാരി, കിണറ്റിന്റെ പാലത്തിലൂടെ നടന്ന്
തൊട്ടടുത്തുള്ള മണല്‍ക്കൂനയിലേക്ക്‌ ഒറ്റച്ചാട്ടം..!!!
പിന്നെ മൂന്നുപേരും കെട്ടിമറിഞ്ഞ്‌....


"നീയിതു കണ്ടു രസിക്ക്യാ? കെണറ്റി വീണാ അപ്പഴറിയാം..."
അമ്മയൊരു ഓലത്തുമ്പ്‌ കൈയിലെടുത്തു...
മൂന്നുപേരും നിലവിളിച്ചുകൊണ്ട്‌ മതിലിന്റെ മൂലയ്ക്കു പതുങ്ങി.. .
അടിക്കാനോങ്ങിയപ്പോള്‍കൂട്ടം തെറ്റിയോടി....
ഒരുവള്‍ ചെടിച്ചട്ടിയ്ക്കിടയിലൊളിച്ചു....
വളരെ പണിപ്പെട്ട്‌ അമ്മയവരെ പുറത്താക്കി....
ഗേറ്റിനടിയിലെ വിടവില്‍ കട്ടിയേറിയ ഇഷ്ടികകള്‍ കുത്തി നിറച്ചു...
അവള്‍ പതിവുപോലെ തിരക്കിന്റെ പ്യൂപ്പയിലൊളിച്ചു....
മൂന്നു ശോഷിച്ച നായ്ക്കുഞ്ഞുങ്ങള്‍-അതും പെണ്ണുങ്ങള്‍ ഒരു വിഷയമേ അല്ലാതായി....

*****

അച്ഛനോരോരുത്തരെയായി മണ്‌വെട്ടികൊണ്ട്‌ കോരിയെടുത്ത്‌ കുഴിയില്‍ വയ്ക്കുന്നത്‌ അവള്‍ നോക്കി നിന്നു...
മൂവരുമൊന്നിച്ച് ഒരേ കുഴിയില്‍....

****

ഇന്നു രാവിലെ കനത്ത ഇഷ്ടികകള്‍ മാറ്റാനൊരുങ്ങവെ അവള്‍ക്കെന്തോ ചീഞ്ഞു നാറാന്‍ തുടങ്ങി...
“എന്തൊരു നാറ്റമാണമ്മേ..സഹിക്കാന്‍ വയ്യ..“

അവള്‍ വീടുമുഴുവന്‍ ബോഡീസ്പ്രേ ചീറ്റിച്ചു...
മണമുള്ള സോപ്പുതേച്ച്‌ കുളിക്കുന്നത്‌ നാലാം തവണയാണ്‌...
ജനലും വാതിലുമടച്ച് കട്ടിയുള്ള പുതപ്പുകൊണ്ട് മുഖം മൂടി കട്ടിലിനടിയിലൊതുങ്ങി...


എന്നിട്ടും....

12 comments:

പാവാടക്കാരി said...

എന്താണവര്‍ ചെയ്ത കുറ്റം??

Sul | സുല്‍ said...

നന്നായിട്ടുണ്ട്
:(

ശിശു said...


എന്താണവര്‍ ചെയ്ത കുറ്റം??

എനിക്കറിയില്ല. ഹി. ഹി.

അരീക്കോടന്‍ said...

എന്താണവര്‍ ചെയ്ത കുറ്റം??

അപ്പു said...

വിധി അവരെയൊരു ചാക്കില്‍ കെട്ടി മതിലിനിപ്പുറത്തേക്കിട്ടു...
അവളവര്‍ക്കിത്തിരി പഴഞ്ചോറു കൊടുത്തു....

ഒത്തിരി ഓര്‍മ്മകളുണര്‍ത്തുന്ന പോസ്റ്റ്

kaithamullu - കൈതമുള്ള് said...

ആര്‍ ചെയ്ത കുറ്റം.... എന്താ?

:: niKk | നിക്ക് :: said...

പാവാടക്കാരീ ഒരു ഐഡിയയുമില്ല!!!

പാവാടക്കാരി said...

സുല്‍ട്ടാ :-)

കുഞ്ഞേ ,അരീക്കാ:-)

അപ്പു:-)റൊമ്പ നന്‍ട്രി

കൈതേ,നിക്ക്:-)

sandoz said...

പാവടക്കാരീ...നാലുനേരം കുളിക്കന്‍ നമ്മളാരാ ശ്രീശാന്തോ......

[പണ്ട്‌ ബ്യൂട്ടിപാര്‍ലറില്‍ ആരെയോ ഇരുത്തീട്ട്‌ മുങ്ങിയതില്‍ പിന്നെ ഇപ്പഴാ പൊങ്ങണത്‌ അല്ലേ...]

ഏറനാടന്‍ said...

എന്താണിവര്‍ ചെയ്താതാവോ എന്നാലും നിലമ്പൂരിലെ കുട്ടിക്കാലത്ത്‌ എറിഞ്ഞോടിച്ച പൂച്ചകളേയും നായക്കുട്ടികളേയും കാക്കത്യാദി കിളികളേയുമെല്ലാം സ്മരിക്കുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.

നിലമ്പൂരില്‍ നിന്നുമാണല്ലേ പാവാടക്കാരിയും.. ബൂലോഗത്ത്‌ ഒരു സ്വദേശിയെ പരിചയപ്പെട്ടതില്‍ സന്തോഷം.

Sul | സുല്‍ said...

"ഡിഗ്രി പടിത്തം... " ഇതൊന്നു ശരിയാക്കരുതോ?

അതൊ ഇനി വല്ല പട്ടിപിടിത്തം പോലെയാണോ പഠിത്തത്തെ കാണുന്നത്? :)

paThittham = പഠിത്തം

-സുല്‍

പാവാടക്കാരി said...

സാന്‍‌ഡോസേട്ടാ,;-)
നമ്മളിന്‍‌ഡ്യക്കാരല്ലിയോ?
നാപ്പതു തവണകുളിച്ചാലും നാണക്കേടു മാറുമോ?

നാട്ടുകാരാ;-)ഇവിടെ വേറെയാരൊക്കെയുണ്ട് നിലമ്പൂര്‍ യൂ‍ണിയനില്‍?എനിക്കാരെയുമറിയില്ല.

സുല്‍ട്ടാ;)മാറ്റിയിട്ടുണ്ട്ട്ടോ..നാട്ടുകാരെങ്കിലും തെറ്റിദ്ധരിക്കട്ടെ ഞാന്‍ ‘പിടിക്കുക‘യല്ല ‘പഠിക്കുക`യാണെന്ന്...