Thursday, March 29, 2007

പൂത്തിരി

"ഈ മാമനെന്തിനാമ്മേ വന്നേ?"

"മോളൂന്റെ പുത്തന്‍ വീടിന്‌ പുത്തന്‍ ഗേറ്റു പിടിപ്പിക്കാന്‍ വന്നതാ ഈ മാമന്‍.."

അയാളവളെ നോക്കി വശ്യമായി പുഞ്ചിരിച്ചു.

കൊച്ചു ഗൗരി അയാള്‍ക്കു പുറകേ പണിതീരാത്ത വീടിന്റെ കാര്‍പോര്‍ച്ചിലേക്കു നടന്നു.അരഭിത്തിയില്‍ കറുത്ത ഭാണ്ഡക്കെട്ടിറക്കി വച്ച്‌ അയാള്‍ സാവധാനം പണിയായുധങ്ങളെടുത്തു.ഇരുമ്പു ദണ്ഡും തകിടും കുഴലുമെല്ലാം ഇന്നലയേ വന്നിരുന്നു.നെടുനീളന്‍ ടേപ്പുമായി അയാള്‍ തലങ്ങു വിലങ്ങും നടന്ന്
അളവെറ്റടുക്കുന്നത്‌ അവള്‍ കൗതുകത്തോടെ നോക്കിനിന്നു.

പണി തുടങ്ങിയപ്പോള്‍ ഗൌരി തൊട്ടടുത്തൊരു കല്ലില്‍ സ്ഥാനം പിടിച്ചു.

മരപ്പിടിയും അറ്റത്തൊരു ചക്രവുമുള്ള ഒരുപകരണം കറണ്ടില്‍ കുത്തിയിട്ട്‌ ഇരുമ്പില്‍ തൊടുമ്പോള്‍ പൂത്തിരി കത്തുന്നത്‌ അവള്‍ക്കേറെ രസിച്ചു.

'പൂത്തിരി കത്തുമ്പോള്‍ ഈ കമ്പി മുറിയണതെങ്ങന്യാ?'

"മാറിയിരുന്നോളൂ മോളൂ... അല്ലെങ്കി കണ്ണു കുത്തിപ്പഴുക്കും.."

അയാളവളെയെടുത്ത്‌ കുറച്ചകലെ തിണ്ടിലിരുത്തി.ഒരു പുഞ്ചിരിയും സമ്മാനിച്ചു.
അതവളെ വല്ലാണ്ടാകര്‍ഷിച്ചു.
അപ്പൂപ്പന്റെ പൊട്ടിച്ചിരിയല്ല;അമ്മയുടെ കുസൃതിച്ചിരിയുമല്ല..വേറെന്തോ..ഒട്ടും പിശുക്കില്ലാതെ..

അവരിരുവരും പെട്ടെന്ന് കൂട്ടുകാരായി..അവരുടെ വിശേഷങ്ങള്‍ക്ക്‌ അത്ര നല്ലൊരു കേള്‍വിക്കാരനെ ഇന്നേവരെ കിട്ടിയിരുന്നില്ല..

പൂത്തിരികള്‍ വീണ്ടും വീണ്ടും അവളെ പൊട്ടിച്ചിരിപ്പിച്ചു.

"കഴിഞ്ഞ ദീപാവലിക്ക്‌ അച്ചന്‍ എന്തോരം പടക്കങ്ങളാ വാങ്ങിത്തന്നേന്നറിയ്‌വോ?ലീനേന്റേം സ്വാതീടേം വീട്ടിലതിനീക്കാട്ടീ ഞങ്ങളാ വാങ്ങിയേ.."

"മാമന്‍ കേക്കുന്നൊണ്ടോ?"

"ഉം"

"പിന്നെന്താ ചിരിക്കാത്തെ?"

പുഞ്ചിരിപ്പാല്‌ അവള്‍ക്ക്‌ പുതിയൊരുന്മേഷം നല്‍കി.

"സ്വാതീടെ വീട്ടിലേക്കാട്ടീ പൊക്കത്തിലാ ഞങ്ങടെ റോക്കറ്റ്‌ പൊങ്ങിയത്‌..പടക്കം പൊട്ടിച്ചപ്പോ മോള്‌ പേടിച്ചില്ലാട്ടോ..."

പിന്നെയും ചിരി..

"പച്ച,മഞ്ഞ,നീല..എന്തോരം നെറങ്ങളാര്‍ന്നു?"

"ആ..ചൊമന്നപൂത്തിരീമൊണ്ടാര്‍ന്നു..ദാ,ഇതുപോലെ.."

പെട്ടെന്ന് നിറം മാറി കറ്റും ചുവപ്പായ തീപ്പൊരികള്‍ നോക്കി അവള്‍ കൈകൊട്ടിച്ചിരിച്ചു..

"മാമനെന്താ ചിരിക്കാത്തെ?"

അറിയാതെ കൈയൊന്നു തെന്നിയപ്പോള്‍ അടര്‍ന്നകലെ വീണതെന്തോതേടി,പെരുവിരലും കൈപ്പാത്തിയുമായിച്ചേരുന്നിടത്തെ നീറ്റലിനും മരവിപ്പിനും ഒടുവിലത്തെ ഭീകരമായ ശൂന്യതയ്ക്കും ഇടയിലുള്ള അര്‍ദ്ധബോധാവസ്ഥയില്‍ അയാള്‍ ചുണ്ടുകളനക്കി ചിരിക്കാന്‍ ശ്രമിച്ചു..

Tuesday, March 27, 2007

മൂന്നു കുഞ്ഞുങ്ങള്‍.

ഇന്നലെ,
അവളവരെയാ കുറ്റിക്കാട്ടില്‍ കണ്ടു...
ഇത്ര വീര്‍ത്ത വയറോടെ അവരെ കണ്ടതായോര്‍ക്കുന്നില്ല...
മൂന്നു പേരും വല്ലാതെ തടിച്ച്‌,ഇളം റോസ്‌ നിറത്തില്‍...

എല്ലാവരും മൂക്കു പൊത്തി....
അവള്‍ക്കു നാറിയതേയില്ല....
അവളോര്‍ക്കുകയായിരുന്നു,
ഒരാഴ്ചമുന്‍പ്‌ അവരെ കണ്ടത്‌...

******

വിധി അവരെയൊരു ചാക്കില്‍ കെട്ടി മതിലിനിപ്പുറത്തേക്കിട്ടു...
അവളവര്‍ക്കിത്തിരി പഴഞ്ചോറു കൊടുത്തു....
അവരില്‍,ഇളം തവിട്ടു നിറക്കാരി, കിണറ്റിന്റെ പാലത്തിലൂടെ നടന്ന്
തൊട്ടടുത്തുള്ള മണല്‍ക്കൂനയിലേക്ക്‌ ഒറ്റച്ചാട്ടം..!!!
പിന്നെ മൂന്നുപേരും കെട്ടിമറിഞ്ഞ്‌....


"നീയിതു കണ്ടു രസിക്ക്യാ? കെണറ്റി വീണാ അപ്പഴറിയാം..."
അമ്മയൊരു ഓലത്തുമ്പ്‌ കൈയിലെടുത്തു...
മൂന്നുപേരും നിലവിളിച്ചുകൊണ്ട്‌ മതിലിന്റെ മൂലയ്ക്കു പതുങ്ങി.. .
അടിക്കാനോങ്ങിയപ്പോള്‍കൂട്ടം തെറ്റിയോടി....
ഒരുവള്‍ ചെടിച്ചട്ടിയ്ക്കിടയിലൊളിച്ചു....
വളരെ പണിപ്പെട്ട്‌ അമ്മയവരെ പുറത്താക്കി....
ഗേറ്റിനടിയിലെ വിടവില്‍ കട്ടിയേറിയ ഇഷ്ടികകള്‍ കുത്തി നിറച്ചു...
അവള്‍ പതിവുപോലെ തിരക്കിന്റെ പ്യൂപ്പയിലൊളിച്ചു....
മൂന്നു ശോഷിച്ച നായ്ക്കുഞ്ഞുങ്ങള്‍-അതും പെണ്ണുങ്ങള്‍ ഒരു വിഷയമേ അല്ലാതായി....

*****

അച്ഛനോരോരുത്തരെയായി മണ്‌വെട്ടികൊണ്ട്‌ കോരിയെടുത്ത്‌ കുഴിയില്‍ വയ്ക്കുന്നത്‌ അവള്‍ നോക്കി നിന്നു...
മൂവരുമൊന്നിച്ച് ഒരേ കുഴിയില്‍....

****

ഇന്നു രാവിലെ കനത്ത ഇഷ്ടികകള്‍ മാറ്റാനൊരുങ്ങവെ അവള്‍ക്കെന്തോ ചീഞ്ഞു നാറാന്‍ തുടങ്ങി...
“എന്തൊരു നാറ്റമാണമ്മേ..സഹിക്കാന്‍ വയ്യ..“

അവള്‍ വീടുമുഴുവന്‍ ബോഡീസ്പ്രേ ചീറ്റിച്ചു...
മണമുള്ള സോപ്പുതേച്ച്‌ കുളിക്കുന്നത്‌ നാലാം തവണയാണ്‌...
ജനലും വാതിലുമടച്ച് കട്ടിയുള്ള പുതപ്പുകൊണ്ട് മുഖം മൂടി കട്ടിലിനടിയിലൊതുങ്ങി...


എന്നിട്ടും....

Tuesday, January 30, 2007

മരാമത്ത്

പത്തുമാസം കേസുപറഞ്ഞ്‌ എനിക്കും ഒരു തുണ്ട്‌ പുരയിടം സ്വന്തമായി..

അതിന്റെ ആദ്യപകുതി ഒരു തരം എലുമ്പന്‍ കുറ്റിച്ചെടികള്‍ മാത്രം വളരുന്ന കളിമണ്‍പ്രദേശം.ശേഷിച്ച ഭാഗത്ത്‌ ആകെ മൊത്തം ടോട്ടല്‍ രണ്ടു കുളങ്ങള്‍,നാലു ടണലുകള്‍ ,പോരാത്തതിന്‌ ഒരു അഗാധ ഗര്‍ത്തവും...

ആദ്യമാദ്യം ഞാനതത്ര കാര്യമാക്കിയില്ല.പിന്നീടെപ്പഴോ ഒരു അഭ്യുദയകാംക്ഷി പറഞ്ഞുതന്നു അതിന്റെ വിപണനസാധ്യതകളെപ്പറ്റി..

അങ്ങനെയിരിക്കെയാണ്‌ എന്റെ ആകെയുള്ള സമ്പാദ്യം-ഒന്നൊന്നരയേക്കര്‍ വരുന്ന ആ യൂസ്‌ലെസ്‌ പുരയിടം -ചെത്തിമിനുക്കി വെടിപ്പാക്കാന്‍ അവള്‍ മുന്നോട്ടു വന്നത്‌..

ഒരു മനോഹരപ്രഭാതത്തില്‍ അവള്‍ 'കെള 'തുടങ്ങി...

വരണ്ടുണങ്ങാറായ കുറ്റിച്ചെടികള്‍ വെട്ടി ഷേപ്പുചെയ്തു...

അവിടവിടെ താമസമുറപ്പിച്ചിരുന്ന ക്ഷുദ്രജീവികളെ തുരത്താന്‍ വിഷാംശമുള്ള കീടനാശിനികള്‍ നിര്‍ലോഭം സ്പ്രേ ചെയ്തു...

രാസവളപ്രയോഗവും മോശമില്ലാതെ നടന്നു..

പക്ഷേ;"ഇവിടെയെന്തൊരു ചെളിയാ"ന്ന്‌ ഇടയ്ക്കെപ്പഴോ അവള്‍ പിറുപിറുത്തത്‌ എനിക്കത്ര രസിച്ചില്ലാട്ടോ...


പ്രസ്തുത ഭൂമിയുടെ മധ്യഭാഗത്തുകൂടിയുള്ള കാടുകയറിയ വഴി അവള്‍ വെട്ട്ടിത്തളിച്ച്‌ വീതിയുള്ളതാക്കി..

തെങ്ങിന്തടിപ്പാലത്തിനിരുവശവുമുള്ള ആഴം കുറഞ്ഞ ചെളിക്കുണ്ടുകള്‍ക്കു ചുറ്റും അതിമനോഹരമായ കറുത്ത വേലികെട്ടി...

കുളങ്ങള്‍ക്കുതാഴെ പി.ഡബ്ല്യുഡി റോഡു തോല്‍ക്കുന്ന ഗട്ടറുകളും ഗര്‍ത്തങ്ങളും നിറഞ്ഞ വെളിമ്പ്രദേശം അതിസാഹസികമായി വൃത്തിയാക്കി അവള്‍ വെള്ള മണല്‍ വിരിച്ചു...

അതിരിലുള്ള വലിയ കിടങ്ങി(അതിലേയ്ക്ക്‌ രണ്ടു ഹിമാലയപര്‍വതങ്ങള്‍ ഒന്നിച്ച്‌ കുത്തനെയിറക്കമെന്നത്‌ എന്റ്‌ അനുഭവം..)നു ചുറ്റും ചുവന്ന പരവതാനി വിരിച്ചു...

എല്ലാം കണ്ടുകൊണ്ടിരുന്ന ഞാന്‍ അറിയാതെ പറഞ്ഞു പോയി;
"മാര്‍വലസ്‌!!!"

ആ മിടുമിടുക്കിയുടെ മധുരമുള്ള മറുനാദം ;

"അതാണ്‌ '------' ബ്യൂട്ടിപാര്‍ലറിന്റെ മേന്മ...!!!"

Wednesday, January 24, 2007

പ്രഭാതസവാരി


കൂമനും കുറുക്കനും
കുസൃതിക്കുഞ്ഞുങ്ങളും
കൂര്‍ക്കം വലിച്ചുറങ്ങുമീ
കൊടും തണുപ്പത്ത്‌
കണവനെ കുത്തിപ്പൊക്കി
കഷണ്ടിയില്‍
കറുപ്പു തേച്ച്‌
കസറത്തിനയയ്ക്കുന്നവള്‍- മമ-
കാന്ത;
കാരുണ്യ രഹിത...


നീല നിറമുള്ള
നരച്ച ബനിയനും
നീളം വളരെക്കുറഞ്ഞൊരു
നാറുന്ന നിക്കറും
നല്‍കി;
നനുത്ത മഞ്ഞുവീഴുമീ
നനഞ്ഞ പ്രഭാതത്തില്‍
നടുറോഡില്‍ക്കൂടി
നടന്നു നീങ്ങുവാന്‍
നാടു മുഴുവന്‍
നടുങ്ങുന്ന
നാദത്തിലാജ്ഞാപിക്കുമവള്‍
നേര്‍ത്തൊരു ഭീഷണിയോടെ...


പണ്ടൊരു പുലര്‍കാലെ
പാതിമയക്കത്തിലെന്‍- 'നല്ല'-
പാതിയെ
പ്രാകിക്കൊണ്ട്‌
പതുക്കെപ്പതുക്കെ ഞാന്‍
പാഞ്ഞു തുടങ്ങവെ...


ഉറക്കച്ചടവോടെ തെല്ലൊരു
ഉന്മാദത്തോടെ
ഉഷസ്സില്‍
ഉലാത്തുന്ന
'ഉടക്ക്‌'പെണ്ണുങ്ങളെ
ഒതുക്കത്തില്‍ നോക്കി ഞാന്‍
ഉമിനീരിറക്കവേ...


ഇടം വലം നോക്കതെ
ഇടിമിന്നല്‍ പോലെ വന്ന
ഇടിവെട്ട്‌
'ഇന്നോവ'യെന്നെതിരെ നടന്നൊരു
ഇരുണ്ട ചെറുക്കനെ
ഇടിച്ചു തെറിപ്പിച്ചൂ...!!!


നിയതിയുടെ
നീറ്റുമാ
നാടകം നോക്കിക്കൊണ്ട്‌
നിമിഷ നേരം ഞാന്‍
നിന്നുപോയ്‌
നിശ്ചലം...!!!


വിധി വൈപരീത്യത്താല്‍
വഴിയില്‍ക്കിടക്കുമാ
വത്സലകുമാരനെ
വാരിയെടുക്കാനാഞ്ഞാ-
വശത്തേക്കു നീങ്ങി ഞാന്‍
വിങ്ങുന്ന മനമോടെ..


പെട്ടെന്നൊരു
പത്തുവാട്ട്‌
പൊട്ടിച്ചിരിയോടെ
പകിട്ടാര്‍ന്നൊരു
പെട്ടിയെനിക്കായ്‌ നീട്ടിയാ-
പ്പയ്യന്റെ 'പ്രേതം'
പറഞ്ഞൂ പരമാര്‍ത്ഥം...


"ഇതു പരിപാടി;സ്പോണ്‍സേഡ്‌ പരിപാടി
ഇതിലെ
ഇന്നത്തെ നാളത്തെ
ഇനിയത്തെ
'ഇര' നിങ്ങള്‍.."


പാത്രക്കടക്കാരന്‍
പത്രോസുവകയൊരു
പൊട്ടാത്ത പിഞ്ഞാണും
പത്തുപവന്‍ മതിക്കുന്ന
'പൂശിയ' നെക്ലസും
'പപ്പടം കാച്ചി'യും
'പുട്ടുകുറ്റി'യുമാ-
പ്പയ്യന്റെ കയ്യീന്നൊരു
പഞ്ചാരച്ചിരിയോടെ
പതിച്ചു വാങ്ങി ഞാനാ
പഴയ ക്യാമറ മുന്നില്‍...


[കറുപ്പും വെളുപ്പുമായ്‌
കാണാന്‍ കൊള്ളാവുന്ന
കിടാങ്ങള്‍
കിണഞ്ഞു ശ്രമിച്ചിട്ടും
കരഞ്ഞു കാലുപിടിച്ചിട്ടും
കഴിയാത്ത കനവ്‌-ആ
കരച്ചില്‍പ്പെട്ടിയിലൊന്നു
കയറിപ്പറ്റുകയെന്ന
കഠിനമായ കാര്യം-
കാശിനു കൊള്ളാത്തൊരു
കിഴവന്‍ കാര്‍ന്നോരൊരു
കാശും മുടക്കാതെ സാധിക്കുന്നതു കണ്ട്‌
കോരിത്തരിച്ചു നിന്നുപോയ്‌
കാണികള്‍..]


ഒടുവില്‍;

മമ മച്ചുനനിനിയാ
മഞ്ഞത്ത്‌
മാരുതീ വാന്‍ കേറി
മരവിച്ചുകിടന്നാലും
മുഖം തിരിച്ചുനോക്കില്ലെന്ന്‌
മനതാരിലുറപ്പിച്ച്‌
മുഖത്തൊരു
മഞ്ഞച്ചിരിയോടെ
മൂന്നു മൈക്രോസെക്കന്റില്‍ ഞാന്‍
മാനാഞ്ചിറ താണ്ടിയത്‌
മനസ്സിലെ ചമ്മല്‍ കൊണ്ടല്ല;
മറിച്ച്‌
മമ മാനസേസ്വരിയെ
മനസ്സാനിനച്ചതിനാലെന്ന്‌
മാളൊരേ നിങ്ങള്‍
മറന്നിടൊല്ലെ...

Tuesday, January 16, 2007

സമരം

വിരഹത്തിന്റെ മണമുള്ള ചുവന്ന സന്ധ്യയില്‍ അവര്‍ കണ്ടുമുട്ടി. ..

മുത്തശ്ശി തന്റെ കാലു തടവുകയായിരുന്നു. ..
അവള്‍ തന്റെ ശരീരം അള്ളിമാന്തിക്കോണ്ടിരുന്നു. ..
അവനൊരു വിപ്ലവഗാനം മൂളിക്കൊണ്ട്‌
തന്റെ പോക്കറ്റിലെ അവസാന നാണയം വലിച്ചെറിഞ്ഞു. ..
അതു കൈക്കലാക്കി ഒരു സാദാകര്‍ഷകന്‍ 'ഗുനി'ഞ്ഞിരുന്നു. ..
സ്വാമി പ്രഭാഷണത്തിന്‌ കോപ്പുകൂട്ടി. ..
ഒടുവിലെത്തിയ ജൂബാക്കാരന്‍ അവളെക്കണ്ട്‌ ഒരു മൂലയിലൊതുങ്ങി...


"എള്ളെണ്ണ ചൊറിക്കു നല്ലതാ പെണ്ണേ"ന്ന് മുത്തശ്ശി.
"ഇതിനു മരുന്ന് ഇംഗ്ലീഷില്‍പ്പോലുമില്ല തള്ളേ"ന്നവളും.
"മന്ത്രിയോ തന്ത്രിയോ?"എന്നവനു പരിഹാസം;
ഫ്യുരിഡാനിലും നല്ലതെന്ന് കര്‍ഷകന്റെ നിശ്വാസം.


ഗേറ്റ്‌ തുറന്നു.
ഒരു പോലീസുകാരന്‍....
ജൂബാക്കാരന്‍ സല്യൂട്ടും വാങ്ങി അകത്തേക്ക്‌..
അവളൊരു തലോടലില്‍ കാര്യം സാധിച്ചു.
കര്‍ഷകന്‌ ആ നാണയം പ്രയോജനപ്പെട്ടു;
സ്വാമിജി ശൂന്യതയില്‍ നിന്നെന്തോ നല്‍കിയത്രെ..


അങ്ങനെ;

മുത്തശ്ശിയെ തുണയ്ക്കിരുത്തി അവന്‍ കൊടിപിടിച്ചു;
"സ്വര്‍ഗ്ഗകവാടത്തിന്റെ കാവല്‍ക്കാരന്‍ നീതിപാലിക്കുക!"

Monday, January 15, 2007

ഇനിഞാന്‍ തുടങ്ങട്ടെ

ഇനി ഞാന്‍ തുടങ്ങട്ടെ;
തുടരട്ടെ;നിങ്ങളനുവദിച്ചാല്‍